2009 സെപ്റ്റംബർ 26, ശനിയാഴ്‌ച

ആസിയാന്‍ കരാറും കുറെ ആകുലതകളും


ആസിയാന്‍ കരാറെന്താണെന്നോ അതിന്റെ പ്രത്യാഘാതങ്ങളും പ്രയോജനങ്ങളും എന്താണെന്നോ എത്ര പേര്‍ക്കറിയാം എന്നതു സംശയകരമാണ്‌. എന്നാല്‍ കരാറിനെ എതിര്‍ക്കാനും മനുഷ്യചങ്ങലയില്‍ അണിനിരക്കാനും മീശ മുളക്കാത്ത പയ്യന്‍മാരുപോലും റെഡി. ടിവി തുറന്നാലോ ചാനലുകളില്‍ മുഴുവന്‍ എങ്ങുമെങ്ങും എത്താത്ത ചര്‍ച്ചകളും വിശകലനങ്ങളും മാത്രം. ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആസിയാന്‍ കരാര്‍ നടപ്പിലാവാതെ പോയത്‌. 2003 ഒക്ടോബറിലാണ്‌ ആസിയാന്‍ രാജ്യങ്ങളുമായുള്ള കരാറിന്റെ രൂപരേഖ തയ്യാറയത്‌. അടുത്തമാസം കരാര്‍ ഒപ്പുവയ്‌ക്കുമെന്നുറപ്പായതോടെ എതിര്‍പ്പുകള്‍ ശക്തമായി വരുന്നു. കേരളത്തിലെ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങള്‍ പരിഗണിച്ചശേഷം മാത്രമേ കരാറുമായി മുന്നോട്ടു പോകു എന്ന പ്രധാനമന്ത്രിയുടെ ഉറപ്പൊന്നും ഏറ്റമട്ടില്ല. ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പാക്കുന്നതോടെ കേരളത്തിലെ പ്രധാനപ്പെട്ട കാര്‍ഷികോത്‌പന്നങ്ങളുടെ വില വന്‍തോതില്‍ ഇടിയുമെന്നാണ്‌ കരാറിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്‌. കുരുമുളക്‌, റബര്‍, തേയില, പാമോയില്‍, കശുവണ്ടി, പൈനാപ്പിള്‍, കാപ്പി, മറ്റ്‌ സുഗന്ധവ്യഞ്‌ജനങ്ങള്‍, മത്സ്യം എന്നിവയെല്ലാം കരാറില്‍ ഉള്‍പ്പെടുന്നുണ്ട്‌. കരാര്‍ ഒപ്പു വയ്‌ക്കുന്നതോടെ നൂറുകണക്കിന്‌ ഇന്ത്യന്‍ ഉത്‌പന്നങ്ങള്‍ക്ക്‌ വിപണി തുറക്കപ്പെടും എന്നതാണ്‌ അനുകൂലിക്കുന്നവരുടെ വാദം. എണ്ണക്കുരു, ഗോതമ്പ്‌ തുടങ്ങിയ കാര്‍ഷികോത്‌പന്നങ്ങള്‍, യന്ത്രങ്ങള്‍, അവയുടെ പാര്‍ട്‌സുകള്‍, കെമിക്കല്‍സ്‌, സിന്തറ്റിക്‌ ടെക്‌സ്റ്റൈല്‍സ്‌ തുടങ്ങിയ ഇന്ത്യന്‍ ഉത്‌പന്നങ്ങള്‍ക്കാണ്‌ ആസിയാന്‍ രാജ്യങ്ങളുടെ വിപണി തുറക്കപ്പെടുക. ചൈന, ദക്ഷണകൊറിയ, ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്റ്‌ തുടങ്ങിയ പ്രമുഖ രാഷ്ട്രങ്ങള്‍ ആസിയാന്‍ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപര കരാര്‍ ഒപ്പു വച്ചിട്ടുണ്ട്‌. 2007-08 ല്‍ ഇന്ത്യ-ആസിയാന്‍ വ്യാപാരം 39.04 ബില്യണ്‍ ഡോളറായിരുന്നു. സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ പതിന്മടങ്ങ്‌ വര്‍ധനയാണ്‌ പ്രതീക്ഷിക്കുന്നത്‌.സാര്‍ക്ക്‌ രാജ്യങ്ങളുമായി ഇന്ത്യ നേരുത്തെ ഉണ്ടാക്കിയ കരാറനുസരിച്ച്‌ ശ്രീലങ്ക, ബംഗ്ലാദേശ്‌, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന്‌ ചുങ്കം ഇല്ലാതെ തന്നെ കാര്‍ഷികോത്‌പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്‌. ആസിയാന്‍ കരാര്‍ ഒപ്പിടുന്നതോടെ ആസിയാന്‍ രാജ്യങ്ങളായ മലേഷ്യ, അയര്‍ലന്‍ഡ്‌, ഫിലിപ്പന്‍സ്‌, ഇന്ത്യോനേഷ്യ, സിംഗപ്പൂര്‍, മ്യാന്‍മ്യാര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചുങ്കം ഇല്ലാതെ കാര്‍ഷികോത്‌പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയും. 2010 മുതല്‍ ഘട്ടം ഘട്ടമായി ചുങ്കം കുറച്ച്‌ 2020 ല്‍ ചുങ്കം പൂര്‍ണമായി ഇല്ലാതാക്കുക എന്നതാണ്‌ കരാറിലെ പ്രധാനപ്പെട്ട വ്യവസ്ഥകളില്‍ ഒന്ന്‌. ആസിയാന്‍ കൂട്ടായ്‌മയിലുള്ള ഇന്തോനേഷ്യ, ഫീലിപ്പെന്‍സ്‌, തായ്‌ലന്‍ഡ്‌, മ്യാന്‍മാര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ പ്രധാനമായും കാര്‍ഷികമേഖലയില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നവരാണ്‌. ഈ രാജ്യങ്ങളിലെ ഉത്‌പന്നങ്ങള്‍ പലതും കേരളത്തിലും വ്യാപകമായി ഉത്‌പാദിപ്പിക്കപ്പെടുന്നു എന്നതിനാല്‍ വിലയിടിവിനുള്ള സാധ്യത കൂടുതലാണ്‌. നിലവില്‍ ഏലം, കുരുമുളക്‌, റബര്‍, തേയില, കാപ്പി, മത്സ്യം, കശുവണ്ടി തുടങ്ങിയ ഉത്‌പന്നങ്ങളുടെ വില രാജ്യന്തര വിലയേക്കാള്‍ കുറഞ്ഞാണ്‌ നില്‍ക്കുന്നത്‌. ഭാവിയില്‍ ഇറക്കുമതി ചുങ്കം ഇല്ലാതാകുന്നതോടെ ഈ ഉത്‌പന്നങ്ങള്‍ വളരെ കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തും. അത്‌ കേരളത്തിലെ കര്‍ഷകരെ പ്രതികൂലമായി ബാധിക്കും. ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന്‌ 4000 ഉത്‌പന്നങ്ങള്‍ തീരുവയില്ലാതെ ഇറക്കുമതി ചെയ്യാനാണ്‌ പത്ത്‌ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ആസിയാന്‍ കരാര്‍ ഊന്നല്‍ നല്‍കുന്നത്‌. മൂന്നുറിലധികം കാര്‍ഷികോത്‌പന്നങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ആസിയാന്‍ രാജ്യങ്ങളുടെ കാര്‍ഷികേതര ഉത്‌പന്നങ്ങള്‍ക്ക്‌ ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കപ്പെടുമെങ്കിലും പരമ്പരാഗത, കാര്‍ഷിക, മത്സ്യ ഉത്‌പന്നങ്ങള്‍ക്ക്‌ ഇന്ത്യന്‍ വിപണി തുറക്കില്ല എന്നാണ്‌ കേന്ദ്രം ഉറപ്പു നല്‍കുന്നത്‌. ഇത്തരം ഉത്‌പന്നങ്ങളുടെ നെഗറ്റീവ്‌ ലിസ്‌റ്റ്‌ ആസിയാന്‍ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്‌. കരാറില്‍ ഉള്‍പ്പെടുത്താത്ത ഉത്‌പന്നങ്ങളെയാണ്‌ നെഗറ്റീവ്‌ ലിസ്റ്റ്‌ എന്നു പറയുന്നത്‌. അവയ്‌ക്ക്‌ ചുങ്കം ചുമത്തി ഈ ആസിയാന്‍ ഉത്‌പന്നങ്ങള്‍ക്ക്‌ ഇന്ത്യ സംരക്ഷണം നല്‍കും. 489 ഉത്‌പന്നങ്ങളാണു നെഗറ്റീവ്‌ ലിസ്റ്റില്‍ ഉള്ളത്‌. ഇതില്‍ 303 ഉം കാര്‍ഷികോത്‌പന്നങ്ങളാണ്‌. ടെക്‌സ്റ്റൈല്‍ , ഓട്ടോ, കെമിക്കല്‍ എന്നിവയാണ്‌ മറ്റിനങ്ങള്‍. നെഗറ്റീവ്‌ ലിസ്‌റ്റില്‍ കേരളത്തില്‍ നിന്നുള്ള ഏതൊക്കെ ഉത്‌പന്നങ്ങളാണ്‌ ഈ പട്ടികയില്‍ ഉള്‍പ്പെടുക എന്നത്‌ വ്യക്ത്യമാക്കിയിട്ടില്ല. കൊപ്ര, വെളിച്ചെണ്ണ, നാളികേരം, അരി, റബര്‍, മത്തി, ചെമ്മീന്‍, ഞണ്ട്‌, പാലും പാല്‍ ഉത്‌പന്നങ്ങളും, തേന്‍, കശുവണ്ടി, പഴം, പൈനാപ്പിള്‍, മാമ്പഴം, കപ്പ തുടങ്ങി മിക്ക കാര്‍ഷികോത്‌പന്നങ്ങളും നെഗറ്റീവ്‌ ലിസ്റ്റിലുണ്ടെന്ന്‌ പറയുന്നു. നെഗറ്റീവ്‌ ലിസ്‌റ്റിനു പുറമെ ഇറക്കുമതിയോടെ പെട്ടെന്നു തന്നെ കനത്ത വിലയിടിവു നേരിടേണ്ടി വരുന്ന കാപ്പി, തേയില, കുരുമുളകു തുടങ്ങിയ കേരളത്തിനു താത്‌പര്യമുള്ള ഉത്‌പന്നങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രത്യേക പരിരക്ഷ നല്‍കിയിട്ടുണ്ട്‌. ഹൈലി സെന്‍സിറ്റീവ്‌ ലിസ്റ്റിലുള്ളതും കേരളത്തിനു വളരെ പ്രാധാന്യമുള്ളതുമായ കാര്‍ഷികോത്‌പന്നങ്ങളുടെ ചുങ്കം പത്തു വര്‍ഷം കൊണ്ട്‌ പടിപടിയായി കുറയ്‌ക്കണം എന്നാണു കരാറിലെ വ്യവസ്ഥ. അതിനാല്‍ കരാറിന്റെ ഗുണദോഷങ്ങളെക്കുറിച്ച്‌ മനസിലാക്കാന്‍ കുറഞ്ഞത്‌ പത്തു വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടിവരും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ